Thursday, January 31, 2008

കായലരികത്ത്.......

"കായലരികത്ത് വലയെറിഞ്ഞപ്പോ
വള കിലുക്കിയ സുന്ദരീ,
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോ-
ളൊരു നറുക്കിനു ചേര്‍ക്കണേ..."

നമ്മള്‍ക്കെന്നും ഇഷ്ടമായിരുന്നല്ലോ ഈ പാട്ട്. കഥകള്‍ക്കും കവിതകള്‍ക്കും ഗാനങ്ങള്‍ക്കും പുറമേ എന്നും നില നില്‍ക്കുന്ന ഓര്‍മ്മകള്‍ കായലുകള്‍ നമുക്കു തന്നിട്ടുണ്ട്. കുടിക്കാന്‍, കുളിക്കാന്‍, മീന്‍ പിടിക്കാന്‍, അലക്കാന്‍, കൃഷി ചെയ്യാന്‍... എന്തിനൊക്കെപ്പോന്ന കായലുകളാ. സ്കൂളില്‍ വേമ്പനാട്ടു കായലിനെപ്പറ്റിയുള്ള ഒരു പാഠത്തില്‍ കൊടുത്ത കായല്‍ക്കരയുടെ ചിത്രം കണ്ടിട്ടാണ് ഞാന്‍ കായലുകളെ സ്നേഹിക്കാന്‍ തുടങ്ങിയത്. അതിനു മുമ്പ് കുറേ പുഴകളും (കടലുണ്ടിപ്പുഴ, ദാ, ഞങ്ങളുടെ തൊടീക്കൂടെയാ ഒഴുകിയിരുന്നത്) കുളങ്ങളും കണ്ടിട്ടുണ്ട് എന്നതല്ലാതെ, കായല്‍ എന്ന മഹാസംഭവം കണ്ടിട്ടേയില്ലായിരുന്നു.

പ്രീഡിഗ്രീ എന്ന വല്യോരു കായല്‍ നീന്തിക്കടന്നതാണ് ജീവിതത്തിലെ തന്നെ മഹാസംഭവമായി ഞാന്‍ കണക്കാക്കുന്നത്. കണക്കും സയന്‍സും പഠിച്ച് (ഉവ്വോ?) അതു കടന്നു കൂടിയപ്പോള്‍ കേരളത്തിലെ കോളേജുകളൊക്കെ നീന്തലു നിര്‍ത്താനാണ് അഡ്വൈസു തന്നത്. ബാങ്ക് ലോണെന്നൊരു ബോട്ടില്‍ക്കേറി നേരെ മൈസൂര്‍ക്കു തുഴഞ്ഞത്, അഞ്ചു കൊല്ലം ബിരുദത്തിന് നീന്തി നോക്കാനായിരുന്നു. അങ്ങനെ നീന്തം പഠിക്കുന്നതിനിടെയാണ്, ദാ, ഇക്കായലു കാണുന്നത്!
പഴയ നീന്തല്‍ഭ്രമങ്ങളൊക്കെ മനസ്സിലുണര്‍ന്നു. ഈ കായലില്‍ ചാടാന്‍ പാടില്ല. വയനാട്ടുകാരന്‍ തടിയന്‍ കുട്ടനെ പറഞ്ഞു മൂഡാക്കി അവന്റെ ബൈക്കിനു പുറകില്‍ക്കേറി വച്ചു പിടിച്ചു, നീന്താനൊരു സ്ഥലം മൈസൂരില്‍ കണ്ടു പിടിക്കാന്‍. മുറിക്കന്നഡയിലും ഇംഗ്ലീഷിലുമുള്ള അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത് ബെല്‍മുറി(കായലല്ല, അണ കെട്ടിയ പുഴ)യില്‍. ചാടിത്തിമര്‍ത്തു, അതൊരു ശീലവുമായി!

വെള്ളം എന്ന പദാര്‍ത്ഥത്തോടുള്ള സ്നേഹം അങ്ങനെ ക്രമാതീതമായി വര്‍ദ്ധിച്ചു വന്നു. ബിരുദം നീന്തിക്കയറി തിരികെപ്പോകാനായപ്പോള്‍ കായല്‍ലോകത്തോടു വിട പറയാനൊരു വിഷമം. കുക്കരള്ളി കായല്‍ക്കരയില്‍ തലപൊക്കി നില്‍ക്കുന്ന മൈസൂര്‍ സര്‍വകലാശാലയില്‍പ്പോയി ബിരുദാനന്തരബിരുദത്തിനൊരു അപ്പ്ലിക്കേഷന്‍ സമര്‍പ്പിച്ചു. ഉരുണ്ടുപിരണ്ട് ആകെയുള്ള മുപ്പതു സീറ്റില്‍ മുപ്പതാമനായി പ്രവേശന പരീക്ഷ കേറിക്കൂടി. കായലിനോടും ഓളങ്ങളോടും കളിയും വിഷമങ്ങളും പറഞ്ഞു കൊണ്ട് ആ നീന്തല്‍ രണ്ടു വര്‍ഷം നീണ്ടു. അതിനിടെ ജീവിതം പലതരത്തിലും നീന്താന്‍ പഠിച്ചു. എന്നിട്ടും വെള്ളത്തോടുള്ള ആര്‍ത്തി ഒടുങ്ങിയില്ല.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ വിനീത തൊഴിലാളിയായി ബാംഗ്ലൂരിലെത്തി. കമ്പനിയുടെ കെട്ടിടം പണിഞ്ഞിരിക്കുന്നത് കായലരികത്താണെന്നു കണ്ടപ്പോള്‍ പെരുത്ത സന്തോഷം തോന്നിയെന്നതു സത്യം. എന്തൊരു സന്തോഷമായിരുന്നു, ദ സിറ്റി ഓഫ് ലേക്ക്‍സ്.... ദാ, ഇത് മൊബൈലില്‍ പിടിച്ചത്...

കായലുകളുടെ നഗരത്തില്‍ അവര്‍ക്കു നേരിടേണ്ടി വരുന്ന അവഗണനയും മറ്റും എന്റെ മനസ്സിനെ നീറ്റാന്‍ തുടങ്ങി. ബാംഗ്ലൂര്‍ ജില്ലയുടെ അഞ്ചു ശതമാനത്തോളം വരുന്ന കായലുകളുടെ എണ്ണം 260ല്‍ അധികമായിരുന്നത്രേ. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എന്ന വലിയ വലിയ ആള്‍ക്കാരു പറയുന്ന ആ സംഗതിയൊക്കെ നിലനിര്‍ത്തുന്നതില്‍ കായലുകളൊക്കെ മുഖ്യ പങ്കു വഹിച്ചിരുന്നത്രേ. ഇപ്പോ പരിസ്ഥിതി പോലുമില്ലല്ലോ, ല്ലേ, ബാംഗ്ലൂരില്‍!
ഡെവലപ്പ്‍മെന്റ് അതോറിറ്റീന്നൊക്കെ പറയുന്ന (Bangalore Development Authority (BDA), Karnataka Industrial Area Development Board (KIADB), Bangalore Metropolitan Region Development Authority (BMRDA) കുറേ ഉദ്യോഗസ്ഥരു ചേര്‍ന്ന് പുരോഗമനം നടപ്പിലാക്കീതിന്റെ ശേഷം ബാംഗ്ലൂരില്‍ ബാക്കിയായത് ഇന്ന്ത്തേക്കു ബാക്കിയായത് വെറും 117 കായലുകള്‍. അതീത്തന്നെ സര്‍ക്കാര്‍ കണക്കിലുള്ളത് വെറും 81! എന്നാ പണ്ടാരോ വിട്ട ഉപഗ്രഹത്തീന്നു കാണാന്‍ കഴിയുന്നത് വെറും 33 എണ്ണം. അതീത്തന്നെ പകുതിയും കണ്ടൂടാത്ത നിലയിലും! കൊള്ളാല്ലോ കണക്ക്!

മനസ്സമാധാനമായിട്ട് കായല്‍ക്കാറ്റു കൊള്ളാനായി അഞ്ചുറുപ്പ്യ എന്‍ട്രി ഫീസ് വാങ്ങീട്ടാണെങ്കിലും അവരൊരു സ്ഥലം ഉണ്ടാക്കിയിട്ടിട്ടുണ്ട്. ലാല്‍ബാഗ്. ദാ, ഇതാണ് സ്ഥലം!
ഒരു സൈഡീന്നൊക്കെ നോക്കിയാല്‍ കൊള്ളാം. ഒന്നടുത്തു ചെന്നാലോ, പ്ലാസ്റ്റിക്കും പെന്നും കുപ്പീം കടലാസും ലവ് ലെറ്ററും, എന്തിന് കോണ്ടം വരെ ഇപ്പാവത്തിന്റെ പള്ളേലേക്കാണ് കാര്യം കഴിഞ്ഞാല്‍ ചേട്ടന്‍മാരും ചേച്ചിമാരും വലിച്ചെറിയുന്നത്. കണ്ടില്ലേ?
പരിസരമലിനീകരണം എന്നു പറയുന്ന മറ്റൊരു വല്യ സാധനം ദാ, ഇതൊക്കെത്തന്നെയാണെന്നു തോന്നുന്നു.
ഇംഗ്ലീഷില് റിനോവേഷനോ ബ്യൂട്ടിഫിക്കേഷനോ എന്നൊക്കെ വിളിക്കുന്ന ആ പരിപാടിയാണ് അല്പമെങ്കിലും വെള്ളം തട്ടി വളരുന്ന നാടന്‍ ചെടികളെ പിഴുതു മാറ്റി വിദേശിയെ സ്ഥാപിക്കുകയോ സ്ഥാപിക്കാതിരിക്കുകയോ ചെയ്യുക എന്നത്. ഉള്ള ചെടി മുഴുമന്‍ ഇങ്ങനെ പിഴുതാന്‍ തുടങ്ങ്യാല്‍ ചേട്ടന്‍മാര്‍ ഒടുക്കം ഓക്സിജന്‍ അമേരിക്കേന്നു വരുത്തണം എന്നൊക്കെ തീരുമാനമെടുക്കേണ്ടി വരും. മൂക്കീക്കെട്ടി നടക്കാന്‍ പാകത്തിനുള്ള ഒരു ഓക്സിജന്‍ ബലൂണിന് വില നാല്പത്തഞ്ചു രൂപ! മനുഷ്യാവകാശമെന്നു പറയണ കുടിവെള്ളത്തിന്റെ കാര്യം ഏതാണ്ടങ്ങനൊക്കെത്തന്നെയാണല്ലോ!
കരയില് നമ്മളായിട്ട് ഒരു ജീവിയെയും ജീവിക്കാന്‍ വിടൂല്ല. വെള്ളത്തീക്കെടക്കുന്ന മീനിനെപ്പോലും? തിന്നാനാണെങ്കിലങ്ങു സഹിക്കാം, ഇതു ചുമ്മാ. അറിയാണ്ടെ വലിച്ചെറിയുന്ന പല സംഗതികളും പാവം വെള്ളം കുടിച്ചു ജീവിക്കുന്ന മീനുകളുടെയും ജലജീവികളുടെയും ജന്മാവകാശത്തിലുള്ള കൈകടത്തലായിപ്പോവാണല്ലോ! എല്ലാറ്റിനും പൊറമേ എത്ര ജീവികളുടെ വാസസ്ഥലമാണ് കായലും കായല്‍ക്കരയും!
കായല്‍ വെള്ളത്തിന്റെ കഥ പറഞ്ഞോണ്ടിരുന്നീടത്തുന്ന് വഴി മാറിപ്പോയോ? അതിലിരുന്നു തന്നെ ഈ പ്രൈവറ്റൈസേഷന്‍ എന്ന സംഗതി എവടെ വരെ എത്തീന്നൊന്നു നോക്കാം. കായലുകളൊക്കെ നോക്കി നടത്താന്‍ കച്ചോടക്കാര്‍ക്കു കൊടുക്കുന്ന പരിപാടിയാണ് പുതിയ ഐറ്റം. ഇതു കൊണ്ടു വന്നതോ, കായല്‍ ഡെവലപ്പ്‍മെന്റ് അതോറിറ്റി (Lake Development Authority on behalf of the Govt. of Karnataka, Dept of Ecology and Environment). ബിസിനസ്സുകാരല്ലേ, കയ്യില്‍ കിട്ടിയ മൊതല് വെറുതെ വിട്വോ? അവരു ഹോട്ടലും കോളക്കച്ചോടോം നടത്താനും പരസ്യബോര്‍ഡ് സ്ഥാപിക്കാനുമൊക്കെയായിട്ട് പരമാവധി സ്ഥലമങ്ങ് വിട്ടു കൊടുക്കാന്‍ തുടങ്ങൂല്ലേ. അതീന്ന് വരുന്ന വേസ്റ്റൊക്കെയോ, കളയാന്‍ നാട്ടിലെ ഏറ്റവും വല്യ കുപ്പത്തൊട്ടി, കായല്‍ ഈസ് റിയലി ഗ്രേറ്റ്!
ഐടി കമ്പനിക്കാരാണ് ഇന്നത്തെ കാശുകാര്‍. അവരു സ്ഥലം വാങ്ങുന്നെങ്കില്‍ കായല്‍ക്കരേലെ ചതുപ്പേ വാങ്ങൂ. സര്‍ക്കാറിനും സന്തോഷം, ആരും വാങ്ങാണ്ടെ കെടന്ന സ്ഥലമല്ലേ, കാശെറിഞ്ഞു തന്ന് വലിച്ചോണ്ടു പോയത്, പോട്ടേന്ന്. പക്ഷേ, കാലക്രമേണ കായലിന്റെ വലിപ്പം കുറഞ്ഞു തുടങ്ങിയ കാര്യം അവര്‍ക്കത്ര ശ്രദ്ധിക്കേണ്ടതായിട്ട് തോന്നീട്ടുണ്ടാവില്ല. അല്ല, ഭൂമീടെ കാര്യല്ലേ, കടലു വരെ ചെറുതാവുന്നു, പിന്നെ വലുതാവുന്നു. ഇതൊരു ചിന്നക്കായല്‍! എന്തായാലും ഗോള്‍ഫ് ഗ്രൌണ്ടും സെക്യൂരിറ്റി കിടപ്പാടവുമൊക്കെയായി കായലൊക്കെ നികന്നു തുടങ്ങി. ഇതു കണ്ടാല്‍ ബില്‍ഡേഴ്‍സിനു സഹിക്കാന്‍ പറ്റുമോ, ബാക്കിയിരുന്ന കായലൊക്കെ ഫ്ലാറ്റാവാനും തുടങ്ങി. മൊത്തം ഫ്ലാറ്റ്!
വെഷമമുണ്ട്, ഓരോന്നാലോയിക്കുമ്പോ. സ്വസ്ഥമായി അരക്കുപ്പി ഓസീയാറുമായിട്ട് പോയിരുന്ന് പ്രകൃതിവെള്ളം കൂട്ടി വീശാനുള്ള സ്ഥലങ്ങളല്ലേ ഇങ്ങനെ പോണത്, വെഷമണ്ട്...! ഒത്തിരി വെഷമണ്ട്...!
ഇതൊക്കെ നോക്കീപ്പോ എനിക്കെന്തൊക്കെയോ മനസ്സിലായി. നിങ്ങള്‍ക്കെന്തേലും മനസ്സിലാവണുണ്ടോന്നൊന്നു നോക്കിക്കോളൂ...

Sunday, January 27, 2008

എന്റെ തുമ്പിപ്പയ്യന്‍സ്....



പണ്ട്....
പാടത്തും പറമ്പിലും
ഇടവഴിയിലും വാഴത്തോപ്പിലും....



നിന്നോടൊപ്പം ഓടി, നിന്നെപ്പിടിക്കാന്‍ ചാടി...
വീണ് കൈ പൊട്ടി....



ഇന്ന്.......
നിന്നെത്തേടി ഞാനെത്ര നേരമായി നടക്കുന്നു.....


നാളെ....
കുഞ്ഞുങ്ങളോടൊപ്പം
നിന്റെ വിശേഷങ്ങള്‍ പങ്കു വക്കുമ്പോള്‍
അവരെക്കാണിക്കാന്‍, എനിക്കൊന്നു കാണാന്‍
ഇതു പോലൊന്നെങ്കിലും വേണ്ടേ?

Wednesday, January 23, 2008

വേഴാമ്പല്‍ കേഴുന്നത്...

തലക്കു മീതെ നിങ്ങള്‍ കെട്ടിയ കമ്പിവല.....


താഴേ നിങ്ങള്‍ വിരിച്ച പുല്‍മേട്.......



ചുറ്റിലും നിങ്ങള്‍ കെട്ടിയ സിമന്റുകുളം.......



നീ മനസ്സിലാക്കിയില്ലല്ലോ മനുഷ്യാ,
എന്റെ ദാഹം ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നെന്നത്!!!



Monday, January 21, 2008

കലമാനിന്റെ പ്രണയം!




പട്ടണങ്ങള്‍ ശര്‍ദ്ദിച്ച ചേറും
വെട്ടിയുണക്കിയ മരച്ചുവടുമല്ലാതെ
ഇത്തിരി പച്ചപ്പു തന്നിരുന്നെങ്കില്‍
നമ്മുടെ പ്രണയം ഇങ്ങനെ മുഖം തിരിഞ്ഞിരിക്കില്ലായിരുന്നല്ലോ...

ബാംഗ്ലൂര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നും ഒരു പ്രണയത്തിന്റെ നിസ്സംഗത...

Camera: Canon S2 IS
Exposure time: 1/60
Aperture: f/3.5
Resized to: 1024 x 768

Friday, January 18, 2008

കടുവച്ചാര്‍





അലസമായനിന്റെ നോട്ടത്തില്
‍അന്യമായിക്കൊണ്ടിരിക്കുന്ന
ഒരു വംശത്തിന്റെനിലവിളിയോ,
തടവിലാക്കപ്പെട്ട
ഒരു ജന്മത്തിന്റെവേദനയോ,
എല്ലാമെരിച്ചൊടുക്കാനുള്ള തീക്ഷ്ണതയോ
എന്തോ ഒന്ന് എനിക്ക് വായിച്ചെടുക്കാനാവും.


ബാംഗ്ലൂര്‍ ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നും.

Camera: Canon S2 IS
Exposure: 1/60
Aperture: f/3.5
Resized to 1024 x 768

കടലാസു പൂവ്



കടലാസു പൂവേ,
ഇവിടെ നിന്നെക്കാള്‍ വില
കടലാസു കൊണ്ടുള്ള പൂവിനാവുമ്പോള്‍
നീയിങ്ങനെ വിരിഞ്ഞു നില്‍ക്കണോ?

ബാംഗ്ലൂര്‍ ലാല്‍ബാഗില്‍ നിന്നും...