
ഓണം വന്നോണം വന്നോണം വന്നൂ,
മാവേലി നാട്ടാരെത്തേടി വന്നൂ,
ഓലക്കുടയും തെല്ലാടയുമായ്
ഓലപ്പുരച്ചോട്ടില്‍ കാത്തു നിന്നൂ.
പുത്തനുടുപ്പിട്ട കുട്ടികള്‍ക്കും
കുത്തനെ കൌതുകം കൂടി വന്നൂ,
’മത്തി’ലിരുന്നൊരാ മൂത്തവര്‍ക്കോ
ഇത്തിരി ദേഷ്യം തികട്ടി വന്നൂ.
കുമ്പ വളര്‍ത്താത്തൊരോണത്തപ്പന്‍
എമ്പാടും നോവോടെ കൈകള്‍ നീട്ടീ,
"അമ്പതു കാശേലും നല്കിടാമോ,
വമ്പില്ല, മാവേലി പാവമല്ലേ?"
കഴിഞ്ഞ ഓണക്കാലത്ത് മാവേലി ഞങ്ങളുടെ നാട്ടില്‍ വന്നപ്പോള്‍...
രാജാവ് പ്രജാവേഷത്തില്‍ നാടു കാണാന്‍ ഇറങ്ങാറുണ്ടായിരുന്നെന്ന് വായിച്ചിട്ടുണ്ട്. അരവയറു നിറക്കാനുള്ള യജ്ഞത്തിനിടയില്‍ പ്രജ രാജവേഷം കെട്ടേണ്ടി വന്നത് ചരിത്രമായേക്കുമോ? ചരിത്രം മാത്രമാവട്ടെ!