
Saturday, May 3, 2008
കൊള്ളാല്ലോ ഇത്....

Sunday, April 6, 2008
ഒരു തൊഴി... ഒരു മാന്ത്... ഒറ്റക്കടി...

ഒരു തൊഴി....

ഒരു മാന്ത്....

ഒറ്റക്കടി....

കണ്ണിനിട്ടൊരു കൊത്ത്....
വേലി പൊളിച്ച് ഞങ്ങളും വരുമെടാ മനുഷ്യാ, ഒരുനാള്‍! സൂക്ഷിച്ചോ!
നിന്റെയൊക്കെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണല്ലോ ഇവിടേക്ക് സ്വദേശി വിദേശി സന്ദര്‍ശനം കൂടുന്നത്? ഉപ്പു വാറ്റിയും നിരാഹാരം കിടന്നും പലതും നേടിയതിന്റെ വീരസ്യങ്ങള്‍ നീ വിളമ്പാറുണ്ടല്ലോ! സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെപ്പറ്റി കവലയിലും ടെലിവിഷനിലും പാടി നടക്കാറുണ്ടല്ലോ!
ആവാസവ്യവസ്ഥയെക്കുറിച്ചും ജൈവഗണങ്ങളുടെ നിലനില്പ്പിനെക്കുറിച്ചും കോടികള്‍ മുടക്കി പഠനം നടത്തുന്നുണ്ടല്ലോ!
കാട്ടാന നിങ്ങളെ ചവിട്ടിക്കൊല്ലുന്നതും നാട്ടാന നിങ്ങളെ കുത്തിക്കൊല്ലുന്നതും മദമിളകിയിട്ടാണെന്നു കരുതിയോ നീ? സമരം തുടങ്ങിയിട്ടേയുള്ളൂ. നീയെന്തറിഞ്ഞെടാ മനുഷ്യാ? നീയെന്തറിഞ്ഞെടീ മനുഷ്യത്തീ?
വേലി പൊളിച്ച് ഞങ്ങളും വരുമെടാ ഒരുനാള്‍! സൂക്ഷിച്ചോ!
Saturday, March 29, 2008
അണ്ണാന് കുഞ്ഞിന് ആവുന്നത്...

മരങ്ങളൊക്കെ മുറിച്ച് കറന്റു കമ്പി വലിച്ചല്ലേ... ഷോക്കടിക്കാതെ ചാടി രക്ഷപ്പെടാം...

ഹാവൂ... ഒരു തെങ്ങെങ്കിലുമുള്ളതു ഭാഗ്യം! വെളിച്ചെണ്ണക്കു പകരം പാമോയിലു വന്നാപ്പിന്നെ ഇതും ബാക്കി കാണില്ല!

ഇനിപ്പം എങ്ങോട്ടാ പോവ്വാ?
അണ്ണാന് കുഞ്ഞിനും തന്നാലായത് എന്നല്ലേ പണ്ടാരോ പറഞ്ഞത്?
ഇന്നീ കുഞ്ഞിന് ഇത്രക്കൊക്കെയേ ആവൂ...
Wednesday, March 19, 2008
മാവേലിയുടെ ഫോട്ടോ!

ഓണം വന്നോണം വന്നോണം വന്നൂ,
മാവേലി നാട്ടാരെത്തേടി വന്നൂ,
ഓലക്കുടയും തെല്ലാടയുമായ്
ഓലപ്പുരച്ചോട്ടില് കാത്തു നിന്നൂ.
പുത്തനുടുപ്പിട്ട കുട്ടികള്‍ക്കും
കുത്തനെ കൌതുകം കൂടി വന്നൂ,
’മത്തി’ലിരുന്നൊരാ മൂത്തവര്ക്കോ
ഇത്തിരി ദേഷ്യം തികട്ടി വന്നൂ.
കുമ്പ വളര്ത്താത്തൊരോണത്തപ്പന്
എമ്പാടും നോവോടെ കൈകള്‍ നീട്ടീ,
"അമ്പതു കാശേലും നല്കിടാമോ,
വമ്പില്ല, മാവേലി പാവമല്ലേ?"
കഴിഞ്ഞ ഓണക്കാലത്ത് മാവേലി ഞങ്ങളുടെ നാട്ടില്‍ വന്നപ്പോള്‍...
രാജാവ് പ്രജാവേഷത്തില്‍ നാടു കാണാന്‍ ഇറങ്ങാറുണ്ടായിരുന്നെന്ന് വായിച്ചിട്ടുണ്ട്. അരവയറു നിറക്കാനുള്ള യജ്ഞത്തിനിടയില്‍ പ്രജ രാജവേഷം കെട്ടേണ്ടി വന്നത് ചരിത്രമായേക്കുമോ? ചരിത്രം മാത്രമാവട്ടെ!
Wednesday, February 20, 2008
ആ പച്ചത്തെങ്ങോല...
Friday, February 15, 2008
ആണിന് മുലയെന്തിന്?
മുലയൂട്ടാനേതായാലും അല്ല. ലൈംഗികതയുമായി ബന്ധപ്പെടുത്തിയപ്പോഴും അത്രകണ്ട് തൃപ്തികരമായ ഒരു ഉത്തരം കിട്ടിയില്ല. ഏതോരവയവത്തിനും അതിന്റേതായ കര്‍മ്മവും പ്രാധാന്യവുമുണ്ടാവണമല്ലോ!
ആദ്യം കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും പറയട്ടെ. എന്റെ ഒരു സുഹൃത്തിന് നാലു മുലകളുണ്ട്! സുന്ദരനും സുമുഖനും മറ്റേതൊരു ഉത്തമപുരുഷന്റേയും എല്ലാ ലക്ഷണങ്ങളുമുള്ള അവന് ഇക്കാര്യം തുറന്നു കാണിച്ചു തന്നപ്പോള്‍ ഞാനും ചെറുതായി ഞെട്ടി! സാധാരണ വലിപ്പത്തിലുള്ള രണ്ടു മുലകള്‍ക്കു താഴെ വളരെ ചെറിയ, ഒറ്റ നോട്ടത്തില്‍ കാണാനാവാത്ത രണ്ടു മുലക്കണ്ണുകള്‍. മുകളിലെ സാധാരണ മുലയില്‍ സ്പര്‍ശിക്കുമ്പോഴുള്ള അതേ സംവേദനക്ഷമത അവിടെയുമനുഭവപ്പെടുന്നുണ്ടെന്ന് അവന് അവകാശപ്പെടുന്നു.
ലിംഗഭേദവുമായി (ആണോ പെണ്ണോ എന്നത്) മുലയെ ബന്ധപ്പെടുത്താനാവില്ല എന്നാണ് ഒരിടത്ത് വായിച്ചത്.
മക്കളെ പാലൂട്ടി വളര്‍ത്തുക എന്ന സസ്തനികളുടേതായ സവിശേഷ സ്വഭാവം പ്രകടമാക്കുന്ന അവയവങ്ങളാണ് മുലകളത്രേ! പക്ഷേ, മനുഷ്യനല്ലാത്ത എത്ര സസ്തനികളില്‍ ഈ സവിശേഷത കാണാം? കാള, നായ, പൂച്ച തുടങ്ങി നാം പതിവായി കാണാറുള്ള ജീവികളില്‍ ഏതിലെങ്കിലും മുലകളുള്ള ആണ്വര്ഗ്ഗമുണ്ടോ? ഞാന്‍ കണ്ടിട്ടില്ല. ഇനി മനുഷ്യനോട് സാദൃശ്യമുള്ള കുരങ്ങന്മാര്ക്കുണ്ടോ? കുറച്ചു കാലം ഫോട്ടോയെടുത്തു നടന്നിട്ടും കണ്ടില്ല, അല്ലെങ്കില്‍ ഈ ചോദ്യം മനസ്സിലില്ലാതിരുന്നതു കൊണ്ട് ശ്രദ്ധിച്ചില്ല.
ആന്‍ഡ്രോജന്‍ ഹോര്‍മോണുകള്‍ക്കും മുമ്പേ lactiferous ducts അഥവാ, മുല ചുരത്താനുള്ള കുഴല്‍ (സാങ്കേതിക വാക്കുകളൊന്നും പിടിയില്ല!) ആണ്‍കുട്ടിയുടെ ശരീരത്തില്‍ രൂപപ്പെടുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനിക്കും മുമ്പേ നാമെല്ലാം പെണ്‍സ്വഭാവം കാണിച്ചിരുന്നെന്നു ചുരുക്കം. സ്വൈര്യക്കേടുണ്ടാക്കുന്ന പെണ്ണുങ്ങളെ വിമര്‍ശിക്കും മുമ്പ് ഇതൊക്കെയൊന്നോര്ക്കുക!
എന്തായാലും ആണിനെന്തിനു മുലകള്‍ എന്ന ചോദ്യത്തിന് എനിക്കേറ്റവും തൃപ്തികരമായിത്തോന്നിയ ഉത്തരം ഏതാണ്ടിങ്ങനെയായിരുന്നു.
ഒരു പുതിയ മനുഷ്യജീവന് രൂപപ്പെടുന്നത് 23 വ്യത്യസ്ത ജോടി ക്രോമസോമുകള്‍ ചേര്‍ന്നാണ്. ഇതില്‍ ലിംഗം, അതായത് കുട്ടി ആണോ പെണ്ണോ എന്നത് തീരുമാനിക്കുന്നത് ഒരേയൊരു ജോടി ക്രോമസോമുകളാണ്. XX എന്ന കോമ്പിനേഷന്‍ വന്നു പോയാല്‍ കുട്ടി പെണ്ണായും XY എന്ന കോമ്പിനേഷന്‍ വന്നു പോയാല്‍ കുട്ടി ആണായും തീരും. ബാക്കി വരുന്ന 22 ജോടിയും ജനിതകഘടനയുടെ മറ്റു അടിസ്ഥാന സവിശേഷതകള്‍ തീരുമാനിക്കുന്നതാണ്.
ഈ ബാക്കി വരുന്നവയില്‍ ചിലത് നമ്മുടെ ശബ്ദത്തെ രൂപീകരിക്കുന്നെന്നു വക്കുക, അതൊരു പരുഷ പുരുഷ ശബ്ദമോ അതോ മൃദുല സ്ത്രീ ശബ്ദമോ എന്ന് തീരുമാനിക്കുന്നത് ആദ്യം പറഞ്ഞ ലിംഗം നിര്‍ണ്ണയിക്കുന്ന ക്രോമസോം ആണ്. പരിണിതഫലമായി പെണ്ണിന് നേര്‍ത്ത ശബ്ദവും ആണിന് ഉറച്ച ശബ്ദവും കിട്ടുന്നു. അതുപോലെ, മുലകളുണ്ടാവാന് കാരണമാവുന്ന ക്രോമസോമുകളുണ്ട്. പക്ഷേ, ആ മുലകള്‍ ഫങ്ഷനിങ്ങായിരിക്കണോ അല്ലയോ, അല്ലെങ്കില്‍ ചുരത്തുന്നവയാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ലിംഗം നിര്‍ണ്ണയിക്കുന്ന, ആദ്യം പറഞ്ഞ ക്രോമസോം ആണ്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കു കിട്ടിയ മുലകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവരാണ് മദ്ധ്യ ആഫ്രിക്കയിലെ Aka Pygmy എന്നറിയപ്പെടുന്ന വിഭാഗത്തിലെ പിതാക്കന്മാര്. ഇവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവരാണ്. അമ്മയില്ലാത്തപ്പോള്‍ കരയുന്ന കുഞ്ഞിനെ സ്വന്തം മുലയൂട്ടി ആശ്വസിപ്പിക്കുന്നവരാണ് ഇവിടുത്തെ അച്ഛന്മാര്. പക്ഷേ, മാറത്ത് രോമം കൂടുതലുള്ള പിതാക്കന്മാര് ഇതു ചെയ്യുന്നത് ഹിതമാണോ എന്നുമൊരു ശങ്ക!
പലയിടത്തും കയറി പരതിയപ്പോള്‍ ഈ പേരില്‍ (Why do Men Have Nipples) ഒരു പുസ്തകം തന്നെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. വിശദമായി നോക്കാന്‍ നാനൂറ്റമ്പതു രൂപയോളം മുടക്കുണ്ടെന്നറിഞ്ഞ് മാറ്റിവച്ചു. വായിച്ചവരുണ്ടെങ്കില്‍ വിശദമായി പങ്കു വക്കുമല്ലോ!

പലയിടത്തു നിന്നും കിട്ടിയ ചില വിവരങ്ങള്‍ ഇവിടെ ചേര്‍ത്തു വച്ചു എന്നേയുള്ളൂ. തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ പങ്കു വക്കാനും നിങ്ങള്‍ക്ക് മനസ്സുണ്ടാവുമെന്ന പ്രതീക്ഷയോടെ....
Thursday, February 7, 2008
ഇടംമാറി വീഴുന്ന മഴ

മനുഷ്യനോടു തോറ്റ് ഇടംമാറി വീഴുന്ന മഴ...

നാട്ടില്‍, വീട്ടില്‍ വച്ച് എടുത്ത രണ്ടു പഴയ ചിത്രങ്ങള്‍!
അഗ്രജന്‍ജീയുടെ ഈ ഫോട്ടോ കണ്ടപ്പോള്‍ പോസ്റ്റു ചെയ്യാന്‍ തോന്നിയത്.